ഹൈദരാബാദ്: ബിരിയാണി കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ടാമതും തൈര് ചോദിച്ചതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിലെ റെസ്റ്റോറന്റിലാണ് സംഭവം. റസ്റ്റോറന്റ് ജീവനക്കാരുടെ മർദനമേറ്റ യുവാവ് പിന്നീട് പരാതി നൽകാനെത്തിയപ്പോൾ പോലീസ് സ്റ്റേഷനിൽ വെച്ച് ഛർദ്ദിച്ച് അവശനാവുകയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 35-കാരനും മൂന്ന് സുഹൃത്തുക്കളും രാത്രിയോടെ റെസ്റ്റോറന്റിലെത്തി ബിരിയാണി ഓർഡർ ചെയ്തു. കഴിക്കുന്നതിനിടെ വെയിറ്ററോട് രണ്ടാമതും തൈര് ആവശ്യപ്പെട്ടുവെന്നും ഇതേച്ചൊല്ലി റെസ്റ്റോറന്റിലെ ജീവനക്കാരനുമായി തർക്കമുണ്ടായി. വാക്കേറ്റം മർദ്ദനത്തിലാണ് കലാശിച്ചത്. യുവാവും സുഹൃത്തുക്കളും-ഹോട്ടൽ ജീവനക്കാരും പരസ്പരം ഏറ്റുമുട്ടി. പോലീസിന് വിവരം ലഭിച്ചതോടെ സംഘം സ്ഥലത്തെത്തി.
സംഘർഷം അവസാനിപ്പിച്ചതിന് ശേഷം യുവാക്കളും ഹോട്ടൽ ജീവനക്കാരും പോലീസ് സ്റ്റേഷനിൽ എത്തി. ഹോട്ടൽ ജീവനക്കാർക്കെതിരെ യുവാവും, യുവാക്കൾക്കെതിരെ ഹോട്ടൽ ജീവനക്കാരും പരാതി നൽകി. പുറമേ കാര്യമായ പരിക്കുകളൊന്നും യുവാവിന്റെ ശരീരത്തിൽ ഉണ്ടായിരുന്നെങ്കിലും പോലീസ് സ്റ്റേഷനിൽ വെച്ച് ഇയാൾ ഛർദ്ദിക്കാൻ തുടങ്ങി. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പോലീസ് കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments