ഭുവനേശ്വർ: സംസ്ഥാനത്തെ രണ്ടാമത് വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. പുരി-റൂർക്കേല റൂട്ടിലായാണ് സർവീസ് നടത്തുക. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തദ്ദേശീയമായി രൂപകൽപ്പന ചെയ്തിട്ടുള്ള സെമി-ഹൈസ്പീഡ് ട്രെയിനിന്റെ ട്രയൽ റൺ ആണ് തിങ്കളാഴ്ച പൂർത്തിയാക്കിയത്. പുരി-താൽച്ചർ സ്ട്രെച്ചിലാണ് റെയിൽവേ ട്രയൽറൺ നടത്തിയത്.
രാവിലെ 9.30-നാണ് വന്ദേഭാരത് എക്സ്പ്രസ് പുരി സ്റ്റേഷനിൽ നിന്നും പുറപ്പെട്ടത്. ഉച്ചയ്ക്ക് 12.45-ഓടെ താൽച്ചറിലെത്തി. മടക്കയാത്ര ആരംഭിച്ചത് 1.05-നാണ്. വൈകുന്നേരം 5.30-ഓടെയാണ് പുരിയിൽ തിരിച്ചെത്തിയത്. ട്രയൽ റണ്ണിനിടയ്ക്ക് ഭുവനേശ്വർ, കട്ടക്്, ഖുർദ റോഡ്, ധെങ്കനാൽ എന്നിവിടങ്ങളിൽ നിർത്തി.
പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയതോടെ വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കാനാകുമെന്നാണ് നിഗമനം. കഴിഞ്ഞ മാസമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സംസ്ഥാനത്തേക്ക് രണ്ടാം വന്ദേഭാരത് എക്സ്പ്രസ് പ്രഖ്യാപിച്ചത്.
Comments