മലപ്പുറം: 18 വയസ് തികയുന്നതിന് മുമ്പായി കുട്ടികൾക്ക് ഇരുചക്ര വാഹനം നൽകുന്നത് വിനയാകുക രക്ഷിതാക്കൾക്ക്. പ്രായപൂർത്തിയാകുന്നതിന് മുന്നേ വാഹനമോടിച്ച് പോലീസ് പിടിക്കുകയാണെങ്കിൽ വാഹന ഉടമകൾക്ക് പിഴയോടൊപ്പം തടവ് ശിക്ഷ വരെ ലഭിച്ചേക്കാം. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയാൽ 1988-ലെ മോട്ടോർ വാഹന നിയമം 199 എ പ്രകാരം മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാം. ഇത്തരത്തിലുള്ള നിയമലംഘനം നടന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 18 മാതാപിതാക്കളെയാണ് ശിക്ഷിച്ചത്.
ഇതിൽ ആറ് പേർ വീട്ടമ്മമാരാണ്. 18 പേരിൽ നിന്നായി 5,07,750 രൂപയാണ് കോടതി പിഴ ഈടാക്കിയത്. ഇതിന് പുറമേ എല്ലാവരും കോടതി പിരിയും വരെ തടവ് അനുഭവിക്കണമെന്നും വിധിച്ചു. 18 പേരിൽ ആറ് പേർക്ക് കാൽലക്ഷം രൂപ വീതം പിഴ ചുമത്തി. 12 പേർക്ക് 30,250 രൂപ വീതമാണ് പിഴ ചുമത്തിയിട്ടുള്ളത്. പിഴ അടച്ചില്ലെങ്കിൽ രണ്ടാഴ്ച വരെ ജയിൽവാസം അനുഭവിക്കേണ്ടി വരുമെന്ന് ജഡ്ജി വിധിച്ചു. പിന്നാലെ 18 പേരും വൈകിട്ട് കോടതി പിരിയും വരെ തടവ് അനുഭവിക്കുകയും പിഴ അടയ്ക്കുകയുമായിരുന്നു.
Comments