പട്ന: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബിഹാറിലെ ജെഡിയു എംഎൽസിയെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജനതാദൾ യുണൈറ്റഡിന്റെ എംഎൽസിയായ രാധാ ചരൺ ഷായാണ് ഇഡിയുടെ അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ഭോജ്പൂരിലെ അരയിലുള്ള വസതിയിൽ നിന്ന് രാധാ ചരണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജെഡിയു നേതാവിന്റെ വസതിയിൽ ഒരു ദിവസം നീണ്ട പരിശോധന നടത്തിയതിനൊടുവിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം കർശന വകുപ്പുകൾ ചുമത്തിയാണ് ഷായെ അറസ്റ്റ് ചെയ്തതെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയായിരുന്നു ഷായുടെ വസതിയിൽ ഇഡി പരിശോധന നടത്തുന്നത്. കഴിഞ്ഞ മേയ് ആറിന് ഷായുടെയും കൂട്ടാളികളുടെയും വസതികളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഷായുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയോടൊപ്പം അരയിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ സ്കൂളും ഇഡി പരിശോധിച്ചു.
പട്നയിലുള്ള ഇഡിയുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഷായ്ക്കും മകനും ഓഗസ്റ്റ് 28ന് സമൻസ് ലഭിച്ചിരുന്നു. തുടർന്ന് ഇരുവരെയും ഇഡി ചോദ്യം ചെയ്തു. നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഏഴിന് ആദായനികുതി വകുപ്പും ഷായുടെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു.
Comments