ഡിജിറ്റൽ സംവിധാനത്തിലൂടെ യുവാക്കളുടെ ശോഭന ഭാവിക്കായി പുത്തൻ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. നൈപുണ്യ സംരംഭങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും സംരംഭകത്വ പിന്തുണ നൽകുന്നതിനുമായി ‘സ്‌കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ‘ എന്ന സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 42,623 കേന്ദ്രങ്ങളിൽ നിന്നുള്ള 264-ലധികം നൈപുണ്യ കോഴ്സുകൾ പ്ലാറ്റ്ഫോമിന് കീഴിൽ ലഭ്യമാകും.
തൊഴിൽ കണ്ടെത്തുന്നതിനും അപ്രന്റീസ്ഷിപ്പിനും സംരംഭകത്വത്തിനും അവസരങ്ങൾ നൽകും. യുവാക്കളുടെ ഭാവിയാണ് രാജ്യത്തിന്റെ ഭാവിയെന്നുള്ള ദർശനത്തിലൂന്നിയാണ് ഇത്തരമൊരു സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. സ്‌കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറ്റ് പ്രാദേശിക ഭാഷകളിലും ആപ്പ് ലഭ്യമാകും.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആറ് ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. എല്ലാവർക്കും പ്രാപ്യമായ ഡിജിറ്റൽ നെറ്റ്വർക്കിംഗ് കെട്ടിപ്പടുക്കുകയാണ് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ (ഡിപിഐ) ഇന്ത്യയുടെ ശ്രദ്ധയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യയും വ്യവസായിക നൈപുണ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് തൊഴിൽ അന്വേഷകർക്കും സംരംഭകർക്കും കൃകൃത്യമായ കാഴ്ചപ്പാട് വാഗ്ദാനം ചെയ്യുന്ന സംവിധാനമാണിത്. ഇതുവഴി വൈദഗ്ധ്യമുള്ള പ്രതിഭകളെ സൃഷ്ടിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Comments