ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഖാലിസ്ഥാൻ ഭീകരൻ ഹർവീന്ദർ സിംഗ് സന്ധുവിന്റെ സഹായികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ കോടതി. ഗുർപ്രീത് സിംഗ് അലി ഗോപി, അമൻദീപ് സിംഗ്, പർമിന്ദർ സിംഗ്, ഭൂപിന്ദർ സിംഗ് എന്നിവരുടെ സ്വത്തുക്കളാണ് എൻഐഎ കോടതി കണ്ടുകെട്ടിയത്. ഇത് ആദ്യമായാണ് എൻഐഎ കോടതി ഭീകരരുടെ സ്വത്തുക്കൾ തീവ്രവാദത്തിന്റെ വരുമാനമായി ചേർത്തശേഷം കണ്ടുകെട്ടുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ ആക്ട് പ്രകാരമാണ് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരിക്കുന്നത്.
തീവ്രവാദ സംഘടനകളുടെയും ഭീകരരുടെയും സാമ്പത്തിക സ്രോതസ്സുകൾ തകർക്കാനാണ് എൻഐഎ ഈ നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ ആയുധങ്ങൾ കടത്താൻ ഉപയോഗിച്ച കാറും എട്ട് ലക്ഷത്തോളം രൂപയും ഉൾപ്പെടെയുള്ള സ്വത്ത് കണ്ടുകെട്ടണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജിയാണ് എൻഐഎ കോടതി അംഗീകരിച്ചത്. ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടക വസ്തുക്കൾ, മയക്കുമരുന്ന് എന്നിവ പാകിസ്താനിൽ നിന്ന് ഡ്രോണുകൾ വഴി ഹർവീന്ദർ സിംഗ് സന്ധു പ്രതികൾക്ക് അയച്ചതായി എൻഐഎ കണ്ടെത്തി. നിരവധി ചരക്കുകൾ നാല് പേർക്ക് ലഭിച്ചതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
തീവ്രവാദവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടും. അതിനുള്ള നടപടികൾ വിവിധ കോടതികളിൽ നടക്കുന്നുണ്ടെന്ന് എൻഐഎ അറിയിച്ചു. കഴിഞ്ഞ വർഷം ഹർവീന്ദർ സിംഗ് സന്ധുവിന്റെ സഹായികളായ ഗുർപ്രീത് സിംഗ് അലി ഗോപി, അമൻദീപ് സിംഗ് എന്നിവരിൽ നിന്ന് നിരവധി സ്ഫോടകവസ്തുക്കൾ ഹരിയാന പോലീസ് പിടിച്ചെടുത്തിരുന്നു.
Comments