കോഴിക്കോട്: നിപ വൈറസ് വ്യാപനത്തെ തുടർന്ന് ജില്ലയിൽ കടുത്ത നിയന്ത്രണം. കണ്ടെയ്ന്‍മെന്റ് സോണുകളിലും നിയന്ത്രണം കടുപ്പിച്ച് ജില്ലാ കളക്ടര്‍ എ. ഗീതയുടേതാണ് ഉത്തരവ്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും പൊതുപരിപാടികൾക്കും അനുമതി നൽകിയിട്ടില്ല.
കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കള്ള് ചെത്തും വിൽപ്പനയും നിരോധിച്ചു. സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനമൊരുക്കാനും നിര്‍ദ്ദേശമുണ്ട്. പ്രദേശത്തെ പൊതുപാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവയില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനമുണ്ടായിരിക്കില്ല.
ജില്ലയിലെ പൊതുപരിപാടികളും ചടങ്ങുകളും മാറ്റിവയ്‌ക്കും. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാള്‍ക്കുമാത്രമാണ് അനുമതിയുള്ളത്. ആരാധനാലയങ്ങളില്‍ പോകുന്നവരും ചടങ്ങുകളില്‍ പങ്കെടുക്കുന്നവരും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കുള്ള യാത്രകളും കര്‍ശനമായി നിരോധിച്ചതായി ഉത്തരവിൽ പറയുന്നുണ്ട്.
ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ക്ക് വിധേയമാകണം. യോഗങ്ങള്‍ ഓണ്‍ലൈനായി മാത്രം നടത്തുക, ഒഴിവാക്കാനാവാത്ത പരിപാടികള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയ ശേഷം വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി മാത്രം നടത്തുക. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായും ഉപയോഗിക്കുക.
ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കേണ്ടതും ആരോഗ്യകേന്ദ്രങ്ങള്‍ വഴി ബോധവത്കരണം നടത്തേണ്ടതുമാണ്. വവ്വലുകളും പന്നികളും അടക്കം വന്യജീവികളുടെ ജഡം സ്പർശിക്കുന്നത് ഒഴിവാക്കണം. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ പ്രവേശിക്കരുത്, വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടരുത്. പന്നിവളര്‍ത്തുകേന്ദ്രങ്ങളില്‍ പന്നികള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയോ അസാധാരണമായ മരണനിരക്ക് ഉയരുകയോ ചെയ്താല്‍ അടുത്തുള്ള മൃഗാശുപത്രികളില്‍ അടിയന്തരമായി അറിയിക്കുക.
Comments