കോട്ടയം: കടുതുരുത്തി ടൗണിന് സമീപത്ത് നടന്ന ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിൽ കൂട്ടയടി. വിവാഹത്തിന് ക്ഷണിക്കാതെ എത്തിയ യുവാക്കളും വിവാഹത്തിനെത്തിയ അതിഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തെ തുടർന്ന പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.
ആക്രമണത്തിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തുള്ള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പള്ളിയിൽ നടന്ന വിവാഹത്തിന് ശേഷം ഭക്ഷണം വിളമ്പാൻ തുടങ്ങിയതോടെയാണ് ഒരു കൂട്ടം ചെറുപ്പക്കാർ അവിടെ എത്തിയത്.
എന്നാൽ, വരന്റെയും വധുവിന്റയും ബന്ധുക്കൾക്ക് ഇവരെ പരിചയമില്ലായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ഓഡിറ്റോറിയം സംഘർഷ ഭരിതമായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഓഡിറ്റോറിയത്തിന്റെ വാതിൽ പൂട്ടുകയും ചെയ്തു. ഇതിന് ശേഷം വഴിയിൽ വച്ചും ഇരുവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.വിവാഹത്തിന് ക്ഷണിച്ചെത്തിയ അതിഥികൾ പിന്നീട് പോലീസ് സംരക്ഷണയിലാണ് മടങ്ങിയത്.
ഓഡിറ്റോറിയത്തിന് സമീപത്തെ ഗ്രൗണ്ടിലെത്തിയ ചെറുപ്പക്കാരാണ് വിവാഹ സൽക്കാരത്തിൽ എത്തി ഭക്ഷണം കഴിക്കാൻ ശ്രമം നടത്തിയത്. ഏതാനും നാളുകളായി നഗരത്തിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന വിവാഹ സൽക്കാരങ്ങളിൽ ഇത്തരം സംഘമെത്തി ഭക്ഷണം കഴിച്ച് മടങ്ങാറുണ്ട്.
Comments