തിരുവനന്തപുരം: വിമുക്തഭടൻമാർക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കഴിയാതെ സംസ്ഥാന സർക്കാർ.പി എസ് സി വിജ്ഞാപനങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ വയസ്സിളവ് നൽകണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. പ്രായപരിധിയിൽ വയസ്സിളവ് നൽകാത്തതിനാൽ തസ്തികകളിൽ അപേക്ഷിക്കാൻ വിമുക്തഭടന്മാർക്ക് കഴിയാത്ത അവസ്ഥയാണ്.
ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ 844 വിമുക്തഭടന്മാർ ഹോംഗാർഡായി സേവനം ചെയ്യുന്നുണ്ട്. കായികക്ഷമതയും പ്രവൃത്തിപരിചയവുമുള്ള Tവിമുക്തഭടന്മാരുടെ സേവനം വകുപ്പിനെ ഏറെ സഹായിക്കാറുണ്ട്. എന്നാൽ ഫയർമാൻ ഫയർ ആൻഡ് റെസ്ക്യൂ തസ്തികകളിലേക്ക് പി എസ് സി നോട്ടിഫിക്കേഷൻ വരുമ്പോൾ ഉയർന്ന പ്രായപരിധിയിൽ വയസ്സിളവ് നൽകാത്തതിനാൽ തസ്തികകളിൽ അപേക്ഷിക്കാൻ വിമുക്തഭടന്മാർക്ക് കഴിയുന്നില്ല.
സമാനമായ കേരള പോലീസിന്റെ കോൺസ്റ്റബിൾ, ഡ്രൈവർ തസ്തികകളിൽ എല്ലാം തന്നെ വിമുക്തഭടന്മാർക്ക് ഈ വയസ്സിളവ് ലഭിക്കുന്നുമുണ്ട്. ഇതേതുടർന്ന് സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്‌സ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ഫലമില്ലാതായതോടെ 2021 ജൂലൈ 28 ന് സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനന്തപുരി സോൾജിയേഴ്‌സ് സർക്കാരിന് വീണ്ടും നിവേദനം നൽകി. ഇതിന് അനുകൂലമായി ഡി ജി ഫയർ ആൻഡ് റെസ്ക്യൂ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യുന്നതിനായി റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. എന്നാൽ ഇതുവരെയും നടപടി ആയിട്ടില്ല.
വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. വിമുക്തഭടന്മാർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അനന്തപുരി സോൾജിയേഴ്‌സ് വീണ്ടും പരാതി നൽകിയത്.
Comments