തിരുവനന്തപുരം: ദ്വദിന സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ ഇന്ന് കേരളത്തിലെത്തും. ഇന്ന് വെെകുന്നേരത്തോടെയാണ് കേന്ദ്ര മന്ത്രി എത്തുന്നത്. കേന്ദ്ര റെയിൽവേ മന്ത്രാലയവും കേന്ദ്ര എംഎസ്എംഇ മന്ത്രാലയവും ചേർന്ന് സംഘടിപ്പിക്കുന്ന ‘പിഎം വിശ്വകർമ’ പരിപാടിയിൽ കേന്ദ്രമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിലാണ് ‘പിഎം വിശ്വകർമ’ പരിപാടി നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹിയിൽ നിന്ന് രാവിലെ 11 മണിക്ക് ‘പിഎം വിശ്വകർമ’ പദ്ധതി ഉദ്ഘാടനം ചെയും. കരകൗശലവിദഗ്ധരെയും ശിൽപ്പികളെയും സാമ്പത്തികമായി പിന്തുണയ്‌ക്കുകയും പ്രാദേശിക ഉൽപന്നങ്ങൾ, കല, കരകൗശല വസ്തുക്കൾ എന്നിവയിലൂടെ പുരാതന പാരമ്പര്യവും സംസ്‌കാരവും പൈതൃകവും സജീവമാക്കി നിലനിർത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇതിനു ശേഷം കേന്ദ്രമന്ത്രി വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (ഐ.ഐ.എസ്.ടി) ‘ജി 20- വികസിത് ഭാരത്” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 2047-ലെ വികസിത ഇന്ത്യയുടെ അടിത്തറ പാകിയ പരിവർത്തനപരമായ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പരിപാടിയാണ് ‘അമൃത് കാൽ-വിമർഷ്’. തുടർന്ന് ഡോ എസ് ജയശങ്കർ ഐഐഎസ്‌ടിയിലെ വിദ്യാർത്ഥികളുമായി സംവദിച്ചതിന് ശേഷം വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കും.
Comments