കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരച്ചുവിട്ടു. കരിപ്പൂരിൽ ശക്തമായ മഴ പെയ്യുന്നതിനാൽ ലാൻഡിംങ് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് നടപടി. കൊച്ചി വിമാനത്താവളത്തിലേക്ക് നാല് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.
ഇന്നലെ രാത്രി കരിപ്പൂരിൽ ഇറങ്ങേണ്ട എയർ അറേബ്യയുടെ അബുദാബി-കോഴിക്കോട് വിമാനം, ഒമാൻ എയറിന്റെ മസ്കറ്റ്-കോഴിക്കോട് വിമാനം, എയർ ഇന്ത്യയുടെ ദോഹ-കോഴിക്കോട്, ഷാർജ-കോഴിക്കോട് എന്നീ സർവീസുകളാണ് നെടുമ്പാശ്ശേരിയിലേയ്‌ക്ക് തിരിച്ചുവിട്ടത്. ഈ നാല് വിമാനങ്ങളും കരിപ്പൂരിൽ ഇറങ്ങേണ്ട സമയം കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലാണ് കൊച്ചിയിൽ ലാൻഡിങ് നടത്തിയത്. അപകടസാധ്യത കണക്കിലെടുത്താണ് അധികൃതർ വിമാനങ്ങൾ വഴി തിരിച്ചുവിട്ടത്.
അതേസമയം ജില്ലയിൽ ഇന്നലെ ഉച്ചയ്‌ക്കുശേഷം ആരംഭിച്ചതാണ് കനത്ത മഴ. ഇതിന്റെ ഭാഗമായി കരിപ്പൂർ മേഖലയിലും കനത്ത മഴ ഉണ്ടായിരുന്നു. വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലയിലും മഴ മുന്നറിപ്പുള്ളതിനാൽ ഇനിയും വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാകും. കാലാവസ്ഥ അനുകൂലമായാൽ ഉടൻ തന്നെ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങാനുള്ള നടപടികൾ സ്വീകരിക്കും. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കൂടാതെ കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Comments