കോഴിക്കോട്: സംസ്ഥാനത്തെ നിപാ കേസുകളിൽ ആശ്വാസകരമായ മാറ്റമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നും പുതിയ കേസുകളൊന്നും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന 9 വയസുകാരനെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി. നിലവിൽ ഓക്സിജൻ സപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വാർത്ത പുറത്തുവന്നിരുന്നു.പ്രതീക്ഷാ നിർഭരമാണ് കുട്ടിയുടെ സ്ഥിതി എന്നും ആരോഗ്യമന്ത്രി അറിയിച്ചു.
1233 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജിൽ 23 പേർ ചികിത്സയിലാണ്. ഇന്ന് പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണ്. 49 പേര് പുതിയതായി ഇന്ന് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടു. 36 വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ച് പൂനെ എൻഐവിയിലേക്ക് പരിശോധനക്കായി അയച്ചു. ഓരോ വവ്വാലിൽ നിന്നും നാല് സാമ്പിളുകൾ വീതമാണ് ശേഖരിച്ചത്. 24മണിക്കൂറും ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആദ്യത്തെ രോഗിയിൽ നിന്ന് തന്നെയാണ് ഇതുവരെ എല്ലാവർക്കും രോഗം ബാധിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. ഏറ്റവും പുതിയ മോണോ ക്ലോണ ആൻ്റിബോഡി എത്തിക്കാം എന്നാണ് ഐസിഎംആർ ഉറപ്പ് നൽകിയിരിക്കുന്നത്.
മലപ്പുറം ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആറ് പേരുടെ കൂടി നിപ പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇന്നാണ് ഫലം ലഭിച്ചത്. 11 പേരുടെ സ്രവ സാമ്പിളുകൾ കൂടി ശേഖരിച്ച് കോഴിക്കോട് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്. ആദ്യ ദിവസത്തെ 23 പേരെ കൂടാതെ ജില്ലയിൽ നിന്നുള്ള 12 പേർ കൂടി ഇന്ന് സമ്പർക്ക പട്ടികയിലുൾപ്പെട്ടിട്ടുണ്ട് . ഇതോടെ ജില്ലയിലെ നിപ സമ്പർക്ക പട്ടികയിൽ 35 പേരായി.
Comments