ലക്നൗ : 2007ലെ ഗോരഖ്പൂർ കലാപത്തിലെ മുഖ്യപ്രതി മുഹമ്മദ് ഷമിയെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16 വർഷമായി ഇയാൾ ഒളിവിലായിരുന്നു. കോടതി ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു. എന്നാൽ, വാദത്തിനിടെ ഒരിക്കൽ പോലും അദ്ദേഹം കോടതിയിൽ ഹാജരായില്ല. ഗോരഖ്പൂരിൽ നടന്ന കലാപത്തിനു പിന്നാലെ അന്ന് യോഗി ആദിത്യനാഥും അറസ്റ്റിലായിരുന്നു.
2007 ജനുവരി 25ന് ഗോരഖ്പൂരിൽ മുഹറം ഘോഷയാത്ര നടക്കുകയായിരുന്നു. ഈ സമയം നസിറാബാദിലെ മിനാര മസ്ജിദിന് സമീപം നിന്ന രാജ്കുമാർ അഗ്രഹാരി എന്ന യുവാവുമായി മുഹറം ഘോഷയാത്രയിൽ പങ്കെടുത്ത മുഹമ്മദ് ഷമി വഴക്കുണ്ടാക്കി. ഇതിന് പിന്നാലെ ഷമിയും പിതാവ് ഷഫിയുള്ളയും ഉൾപ്പെടെ ഘോഷയാത്രയിലുണ്ടായിരുന്ന ഇസ്ലാമിസ്റ്റുകൾ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ രാജ്കുമാർ അഗ്രഹാരിയ്ക്ക് സാരമായി പരിക്കേറ്റു.
പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ രാജ്കുമാർ അഗ്രഹാരിയെ ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതിനിടെ, ഇസ്ലാമിസ്റ്റുകൾ രാജ്കുമാറിനെ പോലീസ് ജീപ്പിൽ നിന്ന് വലിച്ചിറക്കി കത്തികളും വാളുകളും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ രാജ്കുമാർ വൈകാതെ മരിച്ചു. മുഹറം ഘോഷയാത്രയ്ക്കിടെ നടന്ന ഈ കൊലപാതകത്തിന് പിന്നാലെ ഗോരഖ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടു.
കൊലപാതകത്തിന് ശേഷം മുഹമ്മദ് ഷമിക്കും പിതാവ് ഷഫിയുള്ളയ്ക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. എന്നാൽ 2007 ഓഗസ്റ്റ് 16ന് മുഹമ്മദ് ഷമിക്ക് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചയുടൻ ഇയാൾ ഒളിവിൽ പോയി. ഇതിന് പിന്നാലെ നിരവധി തവണ ഇയാൾക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, കോടതിയിൽ ഹാജരായില്ല.
2012ൽ മുഹമ്മദ് ഷമീമിനെയും പിതാവ് ഷഫിയുള്ളയെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിനിടെ ഷമീം രക്ഷപ്പെട്ട് ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇപ്പോൾ തിരിച്ചെത്തി വാടക വീട്ടിലായിരുന്നു താമസം. ഇതേക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതിനു പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു
ഗോരഖ്പൂർ കൊലപാതക വിവരം അറിഞ്ഞയുടൻ അന്ന് എം പി യായിരുന്ന യോഗി ആദിത്യനാഥ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ ആഹ്വാനത്തെത്തുടർന്ന് നിരവധി ബിജെപി നേതാക്കൾ ഗോൽഘറിലെ ചേത്ന തിരഹയിൽ ധർണ നടത്തി. യോഗി ആദിത്യനാഥും ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഇത് സംബന്ധിച്ച് വിവരം ലഭിച്ചയുടൻ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി മുലായം സിംഗ് യാദവ് യോഗി ആദിത്യനാഥിനെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. യോഗിയെ പിടികൂടാൻ അധികൃതർ പ്രദേശം മുഴുവൻ പോലീസ് ക്യാമ്പാക്കി മാറ്റി. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. യോഗി ആദിത്യനാഥിന്റെ അറസ്റ്റിനെക്കുറിച്ചുള്ള വിവരമറിഞ്ഞയുടൻ നഗരത്തിൽ ജനക്കൂട്ടം തടിച്ചുകൂടി. യോഗിയെ പോലീസ് ലൈനിൽ നിന്ന് 4 കിലോമീറ്റർ ദൂരമുള്ള ജയിലിലേക്ക് കൊണ്ടുപോകാൻ 8 മണിക്കൂർ എടുത്തു.
നഗരത്തിൽ മുഴുവൻ കർഫ്യൂ ഏർപ്പെടുത്തി. ഹിന്ദു യുവാവിന്റെ കൊലപാതകത്തിലും യോഗി ആദിത്യനാഥിന്റെ അറസ്റ്റിലും പ്രതിഷേധിച്ച് വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു. അറസ്റ്റിലായി 11 ദിവസത്തിന് ശേഷം 2007 ഫെബ്രുവരി 7 ന് യോഗി ജയിൽ മോചിതനായപ്പോൾ മാത്രമാണ് ഗോരഖ്പൂരിൽ കടകൾ തുറന്നത്.
Comments