തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെ കുരുക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ. കെണിയിൽ അകപ്പെട്ടതാണെന്ന് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ പറഞ്ഞു. സിപിഐ പ്രതിനിധികളായ ലളിതനും സുഗതനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎം നേതാക്കൾക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായാണ് തട്ടിപ്പ് നടന്ന കാലയളവിലെ സിപിഐ ഭരണ സമിതി അംഗങ്ങളായ ലളിതനും സുഗതനും രംഗത്തെത്തിയത്.
സിപിഎം ജില്ലാ കമ്മിറ്റി അംഗം സി.കെ ചന്ദ്രനാണ് ബാങ്കിലെ എല്ലാ ഇടപാടുകളും നിയന്ത്രിച്ചിരുന്നത്. സിപിഎമ്മിലെ മുതിർന്ന നേതാക്കളെ രക്ഷിക്കാനായി തങ്ങളെ ബലിയാടാക്കാൻ ശ്രമിക്കുന്നതിനാലാണ് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതെന്നും ലളിതനും സുഗതനും പ്രതികരിച്ചു.
ബാങ്ക് സെക്രട്ടറി സുനിൽ കുമാറിനും ബിജു കരീമിനും തട്ടിപ്പിന്റെ വിവരങ്ങൾ അറിയാമെന്ന് ലളിതനും സുഗതനും പറഞ്ഞു. തങ്ങൾ നിരപരാധികളാണെന്നും ഭരണസമിതി അംഗങ്ങൾ അറിയാതെയാണ് വലിയ ലോണുകൾ അടക്കം പല ക്രമക്കേടുകളും നടന്നതെന്നും ഇവർ പറയുന്നു. പാർട്ടി ചതിക്കുകയായിരുന്നു. അറിവില്ലായ്മയെ ചൂഷണം ചെയ്തുവെന്നും മുൻ ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കി.
Comments