മലപ്പുറം: മകന്റെ ബൈക്ക് കത്തിക്കുന്നതിനായി മാസങ്ങൾക്ക് മുൻപ് ക്വട്ടേഷൻ നൽകിയ അമ്മയെ അതേ സംഘം തന്നെ ആക്രമിച്ചതായി പരാതി. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.
മുള്ള്യാകുർശ്ശി തച്ചാംകുന്നേൽ നഫീസയ്‌ക്ക് നേരെ ആയിരുന്നു മൂന്നംഗ സംഘം ആക്രമണംം നടത്തിയത്. തമിഴ്നാട് ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), പന്തളം ചേരി നാസർ (32), മുള്ള്യാകുർശ്ശി കീഴു വീട്ടിൽ മെഹബൂബ് (58) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ.രഞ്ജിത്തും സംഘവുമാണ് പിടികൂടിയത്.
മുൻപ് വീട്ടമ്മ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് ഇവരുടെ മകന്റെ ബൈക്ക് കത്തിച്ച കേസിൽ പിടിയിലായ പ്രതികളാണ് ഇവർ. ഈ കേസിൽ റിമാൻഡിലായിരുന്ന പ്രതികൾ അടുത്തിടെ ആയിരുന്നു ജാമ്യത്തിൽ ഇറങ്ങിയത്.
മകനുമായുള്ള പ്രശ്നത്തിന്റെ പേരിലാണ് ഏതാനും മാസങ്ങൾക്കു മുൻപ് ബൈക്ക് കത്തിക്കാൻ നഫീസ ഇവർക്ക് ക്വട്ടേഷൻ നൽകിയത്. പറഞ്ഞുറപ്പിച്ച ക്വട്ടേഷൻ തുകയെച്ചൊല്ലി വീട്ടമ്മയും പ്രതികളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ച മാരകായുധങ്ങളുമായി മുള്ള്യാകുർശ്ശിയിലുള്ള വീട്ടിലെത്തിയ സംഘം നഫീസയെ ആക്രമിച്ചത്. ഇവർ നഫീസയുടെ വീട് അടിച്ചു പൊളിക്കുകയും ചെയ്തു.
Comments