എറണാകുളം: വീണക്കെതിരായ മാസപ്പടി ഉൾപ്പെടെയുള്ള അഴിമതി കേസുകളിലെ റിവിഷൻ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. ഹർജിക്കാരൻ കളമശേരി സ്വദേശി ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിലാണ് സിംഗിൾ ബെഞ്ചിന്റെ നടപടി. ഗിരീഷ് ബാബുവിന്റെ മരണം അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.
മാസപ്പടി കേസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെ തുടർന്ന് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് മരണം. മുഖ്യമന്ത്രിക്കും മകൾക്കും പുറമേ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്‌ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറം ലോകത്ത് കൊണ്ടുവരുന്നതിലും അന്വേഷണത്തിലേക്ക് എത്തിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചയാളാണ് സാമൂഹ്യ പ്രവർത്തകനായ ഗിരീഷ് ബാബു. മാസപ്പടി അഴിമതി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്. തന്റെ വാദം കേൾക്കാതെയാണ് വിജിലൻസ് കോടതി ആവശ്യം തള്ളിയതെന്നും കേസ് വീണ്ടും കോടതി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. തന്റെ വാദം കൂടി കേട്ട് വിജിലൻസ് കോടതി തീരുമാനമെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
Comments