തിരുവനന്തപുരം: വാഹനങ്ങളിൽ ഏണികൊണ്ട് പോകാൻ അനുമതി തേടി ഗതാഗത കമ്മീഷണർക്ക് കെ.എസ്.ഇ.ബി കത്ത് നൽകി. കെ.എസ്.ഇ.ബിയും എം.വി.ഡിയും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഗതാഗത കമ്മീഷണർക്ക് കത്ത് നൽകിയത്. അത്യാവശ്യ സാഹചര്യത്തിൽ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഏണി കൊണ്ടു പോവേണ്ടി വരും. അതിനാൽ വാഹനങ്ങളിൽ ഏണി കൊണ്ടു പോകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.ഇ.ബി കത്ത് നൽകിയത്.
കെ.എസ്.ഇ.ബി- എം.വി.ഡി പോരിന് പരിഹാരമെന്ന തരത്തിലാണ് കെ.എസ്.ഇ.ബി അനുമതി തേടി കത്ത് നൽകിയിരിക്കുന്നത്. നേരത്തെ ഇളക്കിമാറ്റാൻ പറ്റുന്ന തരത്തിലുള്ള ഏണി വാഹനത്തിൽ കൊണ്ടുപോകാൻ കെ.എസ്.ഇ.ബി ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത്തരം ഏണികളുടെ ഉപയോഗം പ്രാവർത്തികമല്ലെന്ന് മനസ്സിലായതോടെയാണ് ശ്രമം ഉപേക്ഷിച്ച് സാധാരണ ഏണികൾ കൊണ്ടുപോകാൻ അനുമതി തേടിയിരിക്കുന്നത്.
വാഹനങ്ങളിൽ ഏണികൊണ്ടു പോകാൻ മോട്ടോർ വാഹന വകുപ്പ് ഇതുവരെ കെ.എസ്.ഇ.ബിയ്ക്ക് അനുമതി നൽകിയിട്ടില്ല.
ജീവനക്കാർ ബൈക്കിൽ തോട്ടി കൊണ്ട് പോയതിന് കെഎസ്ഇബിക്ക് എ.ഐ ക്യാമറയുടെ പിഴ ചുമത്തിയതും, ഇതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെ.എസ.്ഇ.ബി ഊരിയതും ഏറെ വാർത്തയായിരുന്നു.
Comments