ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിലാണ് നടക്കുന്നത്. ഭരണഘടനയുടെ പകർപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പഴയ മന്ദിരത്തില്‍ നിന്ന് പുതിയതിലേക്ക് പ്രവേശിക്കും. ഇതോടെ വരുന്ന പാർലമെന്റ് സമ്മേളനങ്ങൾ ഇനി പുതിയ മന്ദിരത്തിലാണ് നടക്കുക. അപ്പോൾ പഴയ പാർലമെന്റ് മന്ദിരം എന്ത് ചെയ്യുമെന്ന സംശയം ചിലർക്കെങ്കിലും ഉണ്ടാകും. പഴയ മന്ദിരത്തിന് ഇനി എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം..
ഭരണഘടന അംഗീകരിച്ചതുൾപ്പെടെയുള്ള ചില ചരിത്രപരമായ നിരവധി സംഭവങ്ങൾക്ക് പഴയ പാർലമെന്റ് മന്ദിരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1927-ലാണ് പഴയ പാർലമെന്റ് മന്ദിരം നിർമ്മിച്ചത്. 96 വർഷം കഴിഞ്ഞിരിക്കുകയാണ്. ബ്രിട്ടീഷ് വാസ്തുശില്പികളായ സർ എഡ്വിൻ ലൂട്ടിയൻസും ഹെർബർട്ട് ബേക്കറും ചേർന്നാണ് പഴയ പാർലമെന്റ് മന്ദിരത്തിന് രൂപ കല്പന ചെയ്തത്.
രാജ്യത്തിന്റെ പുരാവസ്തു സ്വത്തായതിനാൽ പഴയ മന്ദിരം പൂർണമായും സംരക്ഷിക്കപ്പെടുമന്നാണ് റിപ്പോർട്ടുകൾ. പാർലമെന്ററി പരിപാടികൾക്കായി കൂടുതൽ പ്രവർത്തന സ്ഥലങ്ങൾ നൽകുന്നതിനായി പുനഃക്രമീകരിക്കും. നിലവിലുള്ള മന്ദിരം അറ്റകുറ്റപ്പണികള്‍ നടത്തി ബദല്‍ ഉപയോഗത്തിന് ലഭ്യമാക്കുമെന്ന് 2021-ല്‍ അന്നത്തെ കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു.
പൈതൃക സംവേദനക്ഷമത പുനഃസ്ഥാപിക്കുന്നതിനായി ദേശീയ ആർക്കെവ്സ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറ്റുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇത് പഴയ പാര്‍ലമെന്റ് കെട്ടിടത്തിന് കൂടുതല്‍ സ്ഥലസൗകര്യം ലഭ്യമാക്കും. പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം മ്യൂസിയമാക്കി മാറ്റാമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മേയിലാണു പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ലോക്സഭാ ചേമ്പറില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭാ ചേംബറില്‍ 300 അംഗങ്ങള്‍ക്കും ഇരിക്കാന്‍ കഴിയുന്നതാണ് കൂറ്റന്‍ കെട്ടിടം. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിനായി 1,280 എം.പിമാര്‍ക്ക് ലോക്സഭാ ചേംബറില്‍ ഒത്തുചേരാം.
Comments