ഇടുക്കി: ഫേസ്ബുക്കിൽ പ്രായപൂർത്തിയാകാത്ത മകളെ വിൽക്കാനുണ്ടെന്ന് പോസ്റ്റിട്ട അച്ഛനെതിരെ കേസെടുത്ത് പോലീസ്. ഇടവെട്ടി സ്വദേശിക്കെതിരെയാണ് തൊടുപുഴ പോലീസ് കേസെടുത്തത്. 11 വയസുള്ള തന്റെ മകളെ വിൽപ്പനയ്ക്കെന്ന് ഫേസ്ബുക്കിലൂടെ ഇയാൾ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആളുകളാണ് പോലീസിൽ വിവരം അറിയിച്ചത്.
ലഹരി, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവ വിൽപ്പന നടത്തുന്ന ആളാണ് പ്രതി. ഇയാളുടെ ആദ്യ ഭാര്യയിലെ മകളെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിൽക്കാൻ ശ്രമിച്ചത്. ആദ്യ ഭാര്യയെ ഉപേക്ഷിച്ച പ്രതി രണ്ടാം വിവാഹവും കഴിച്ചിരുന്നു. ഈ ബന്ധത്തിലും ഇയാൾക്ക് ഒരു കുട്ടിയുണ്ട്. കേസ് സൈബർ സെല്ലിന് കൈമാറിയതായും റിപ്പോർട്ട് വന്നാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും തൊടുപുഴ പോലീസ് അറിയിച്ചു.
Comments