പാലക്കാട്: മുംബൈ പോലീസിന്റെ പേര് പറഞ്ഞ് ഓൺലൈനിൽ വൻ തട്ടിപ്പ്. പാലക്കാട് ജില്ലയിലാണ് സംഭവം. ഫെഡക്സ് കൊറിയറിനെ മറയാക്കുന്ന തട്ടിപ്പ് സംഘം ലഹരി വസ്തുക്കളുടെ പേരിലാണ് ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. സംഭവത്തിൽ മൂന്ന് പ്രതികളെ പിടികൂടിയെങ്കിലും തട്ടിപ്പ് വീണ്ടും ആവർത്തിക്കുകയാണ്.
ഈ തട്ടിപ്പ് സംഘത്തിന് ഫെഡക്സ് സ്കാം എന്നാണ് സൈബർ പോലീസ് പേര് നൽകിയിരിക്കുന്നത്. ഇരകളെ ലക്ഷ്യം വെച്ചുകൊണ്ട് ലഹരിവസ്തുക്കളുടെ പേരിൽ ഭീഷണിപ്പെടുത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം. അതിനായി ഇരയുടെ ആധാർ നമ്പർ ഉപയോഗിച്ച് കൊറിയർ അയച്ചിട്ടുണ്ടെന്ന് ഇരയെ അറിയിക്കും. ശേഷം ഇതിൽ നിരോധിത ലഹരി വസ്തുക്കളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഇരയെ അറിയിക്കും. തുടർന്ന്, നിയമ ലംഘനം നടന്നതായും മുംബൈ പോലീസിന് ഫോണ് കണക്ട് ചെയ്തിട്ടുണ്ടെന്നും പറയും.
പിന്നീട് വയർലെസ് സെറ്റുകളുടെ ഉൾപ്പെടെ ശബ്ദം പശ്ചാത്തലമാക്കി മുംബൈ പോലീസ് എന്ന രീതിയിലാണ് പ്രതികൾ സംസാരിക്കുന്നത്. തുടർന്ന് കേസിൽ നിന്നും ഒഴിവാകണമെങ്കിൽ ഭീമമായ തുക ആവശ്യമാണെന്ന് അറിയിക്കും. ഇത്തരത്തിൽ പാലക്കാട് ജില്ലയിലെ ഒരു വ്യക്തിയിൽ നിന്നും സംഘം തട്ടിയെടുത്തത് 45 ലക്ഷം രൂപയായിരുന്നു. ഇരകൾ അയക്കുന്ന പണം തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ചില അക്കൗണ്ടുകളിലേക്കാണ് പോകുന്നത്. എന്നാൽ ഇവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സൈബർ പോലീസിന് സാധിച്ചിരുന്നു.
ഇതിന് ശേഷവും സമാനമായ രീതിയിൽ മറ്റൊരു തട്ടിപ്പും നടന്നിരുന്നു. ഇയാൾക്ക് നഷ്ട്ടമായത് 11,1600 രൂപയാണ് നഷ്ടപ്പെട്ടത്. ഇയാൾ മധ്യപ്രദേശ് കേന്ദ്രീകരിച്ചുള്ള വിവിധ അക്കൗണ്ടിലേക്കാണ് പണം അയച്ചത്.
Comments