ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ നാം ഒരു പുതിയ ഭാവി ആരംഭിക്കാൻ പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് ഞങ്ങൾ പുതിയ കെട്ടിടത്തിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പഴയ പാർലമെന്റ് സമ്മേളനത്തിൽ എംപിമാരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘പാർലമെന്റിൽ ഉണ്ടാക്കുന്ന ഓരോ നിയമവും, പാർലമെന്റിൽ നടക്കുന്ന ഓരോ ചർച്ചയും, പാർലമെന്റ് നൽകുന്ന ഓരോ സൂചനയും ഇന്ത്യൻ അഭിലാഷത്തെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും. ഇത് നമ്മുടെ ഉത്തരവാദിത്തവും രാജ്യത്തെ ഓരോ പൗരന്മാരുടെയും പ്രതീക്ഷയുമാണ്. പരിഷ്‌കാരങ്ങൾ എന്തായാലും ഭാരതത്തിന്റെ അഭിലാഷത്തിനായിരിക്കണം നാം മുൻഗണന നൽകേണ്ടത്. ഒരു ചെറിയ ക്യാൻവാസിൽ വലിയ ചിത്രം നിർമ്മിക്കാൻ കഴിയുമോ… അതുപോലെ തന്നെ നമ്മുടെ ചിന്തയുടെ ക്യാൻവാസ് വലുതാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയുടെ ചിത്രം വരയ്‌ക്കാൻ എങ്ങനെ സാധ്യമാകും… ആത്മനിർഭർ ഭാരത് ആകുക എന്ന ലക്ഷ്യം നേടിയെടുക്കുക എന്നത് എല്ലാവരുടെയും കർത്തവ്യമാണ്’ പ്രധാനമന്ത്രി പറഞ്ഞു.
മുസ്ലീം അമ്മമാർക്കും സഹോദരിമാർക്കും നീതി ലഭിച്ചത് ഈ പാർലമെന്റ് കാരണമാണ്. മുത്തലാഖ് എതിർക്കുന്ന നിയമം ഇവിടെ നിന്നാണ് നാം ഒറ്റക്കെട്ടായി പാസാക്കിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ട്രാൻസ്ജെൻഡറുകൾക്ക് നീതി നൽകുന്ന നിരവധി നിയമങ്ങൾ ഈ പാർലമെന്റിൽ പാസാക്കിയിട്ടുണ്ട്. പ്രത്യേക കഴിവുള്ള ആളുകൾക്ക് മെച്ചപ്പെട്ട ഭാവി ഉറപ്പുനൽകുന്ന നിയമങ്ങൾ പാസാക്കി. പാർലമെന്റിൽ നിന്ന് ആർട്ടിക്കിൾ 370 റദ്ദാക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചത് ഞങ്ങളുടെ പദവിയാണ്.
Comments