കോഴിക്കോട്: ജില്ലയിലെ രണ്ടിടങ്ങളിൽ നിന്നായി കാണാതായ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ പൂക്കാട് സ്വദേശി സുരേഷിനെയും ഇന്നലെ കാണാതായ കാരാടി സ്വദേശി സത്യപ്രകാശിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാലുശ്ശേരി നന്മണ്ടയിൽ കരിപ്പാല മുക്കിന് സമീപത്ത് നിന്നാണ് പൂക്കാട് സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കരാട്ടെ അദ്ധ്യാപകനായിരുന്നു സുരേഷ് കുമാർ. ഇയാളെ കാണ്മാനില്ലെന്ന് കാണിച്ച് മകൻ ബാലുശേരി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടക്കവെയാണ് സുരേഷ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
താമരശ്ശേരിയിൽ നിന്നാണ് കാരാടി സ്വദേശി സത്യപ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതലാണ് സത്യപ്രകാശിനെ കാണാതായത്. ഇദ്ദേഹത്തെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമരശ്ശേരിക്ക് സമീപത്തെ ലോഡ്ജ് മുറിയിൽ സത്യപ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Comments