ലക്‌നൗ: ആത്മഹത്യ അഭിനയിക്കുന്നതിനിടെ 10 വയസുകാരന് ദാരുണാന്ത്യം. കഴുത്തിൽ കയർ കുരുങ്ങിയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജാസ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അമ്മയും മൂന്ന് ഇളയസഹോദരങ്ങളും കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉത്തർപ്രദേശിലെ ജലൗണിലാണ് സംഭവം.
സഹോദരങ്ങളായ യാഷ്, മേഹക്, അസ്ത എന്നിവർക്കൊപ്പം വീട്ടിൽ കളിക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. സംഭവ സമയത്ത് കുട്ടികളുടെ പിതാവ് ജോലിക്ക് പോയിരിക്കുകയായിരുന്നു. കാഴ്ച പരിമിതിയുള്ള മാതാവ് ഉറങ്ങുകയായിരുന്ന സമയത്താണ് അപകടം നടന്നത്. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നതുവരെ ജാസ് അഭിനയിക്കുകയാണെന്ന് സഹോദരങ്ങൾ കരുതിയത്. അത് കണ്ട് കുട്ടികൾ ഉറക്കെ നിലവിളിച്ചതോടെയാണ് അമ്മ ഉണർന്നത്. അവർ അവനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാഴ്ച പരിമിതി തടസമായി.
അമ്മ സംഗീതയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Comments