ബീജിംഗ്: ചൈനയുടെ മുൻ വിദേശകാര്യ മന്ത്രിയും പ്രസിഡന്റിന്റെ വിശ്വസ്തനുമായ ചിൻ ഗാംഗിനെ പുറത്താക്കിയത് സ്ത്രീയുമായി രഹസ്യ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണെന്ന് റിപ്പോർട്ട്. അമേരിക്കയിൽ അംബാസഡറായിരുന്ന കാലത്ത് അവിടെയുണ്ടായിരുന്ന സ്ത്രീയുമായി ബന്ധത്തിലായെന്നും ആ ബന്ധത്തിൽ കുട്ടിയുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്.
യുഎസ് യുവതിയുമായുള്ള ചിന്നിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിച്ചിട്ടുണ്ടോയെന്ന അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇത് സംബന്ധിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം മൗനം വെടിഞ്ഞിട്ടില്ല. മന്ത്രിസ്ഥാനം ഏറ്റെടുത്ത് ഏഴാം മാസത്തിലാണ് ചിൻ ഗാംഗിനെ ഭരണകൂടം പുറത്താക്കിയത്. കാരണം പറയാതെയായിരുന്നു പുറത്താക്കൽ. പകരം മുൻ വിദേശകാര്യമന്ത്രി വാംഗ് യിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ഒരു മാസമായി ചിന്നിനെ കാണാനില്ല.
യുഎസിൽ അംബാസഡറായിരുന്ന ചിൻ കഴിഞ്ഞ ഡിസംബറിലാണ് വിദേശകാര്യമന്ത്രിയായത്. പ്രതിരോധ മന്ത്രി ഷാംഗ്ഫുവിന്റെ കാണാതകലും ഇതിനിടെ സംഭവിച്ചിട്ടുണ്ട്. സൈന്യത്തിലെ അഴിമതിക്കെതിരെ ഭരണകൂടം കർശന നടപടി ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയെ കാണാതായത്.
Comments