തിരുവനന്തപുരം: വ്യാജ സന്ദേശത്തെ തുടർന്ന് പൂവാർ പോലീസ് അലഞ്ഞത് മണിക്കൂറുകൾ. പൊഴിക്കരയിൽ ഉല്ലാസബോട്ട് അപകടത്തിൽപ്പെട്ട് വെള്ളത്തിൽ വീണ മൂന്ന് സഞ്ചാരികൾ ആശുപത്രിയിൽ ആയി എന്നായിരുന്നു വിവരം. ഇതിനെ തുടർന്ന് രാത്രിയിൽ നല്ല മഴ ഉണ്ടായിരുന്നിട്ട് പോലും പോലീസ് ശക്തമായി തിരച്ചിൽ നടത്തി.
ഈ പ്രദേശത്ത വൈകുന്നേരം ആറ് മണി കഴിഞ്ഞാൽ സഞ്ചാരികളുമായി ബോട്ട് സവാരി നടത്തരുതെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ, ആറുമണിയൊക്കെ കഴിഞ്ഞതിന് ശേഷമാണ് വിവരം ലഭിച്ചത്. ആറ്റുപുറത്തെ ഒരു പ്രമുഖ ക്ലബിന്റെ ബോട്ടാണ് മറിഞ്ഞതെന്ന് കൂടിയായിരുന്നു പോലീസിന് ലഭിച്ച വിവരം. ഇതോടെ അന്വേഷണം ഊർജിതമാക്കാൻ പോലീസ് തീരുമാനിക്കുകയായിരുന്നു.
സമീപത്തുള്ള സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇത് സംബന്ധിച്ച വിവരങ്ങൾ തേടിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അപകടത്തിൽപ്പെട്ടവരെ കണ്ടെത്താൻ പ്രദേശത്താകെ തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഒടുവിൽ രാത്രി പതിനൊന്നോടെയാണ് പോലീസ് തിരച്ചിൽ അവസാനിപ്പിച്ചത്. ഇത്തരത്തിലെ വ്യാജ സന്ദേശത്തിന് പിന്നിലെ കാരണം എന്താണെന്ന് പോലീസ് ഇതുവരെയും കണ്ടെത്തിയില്ല. ബോട്ട് ക്ലബുകാരുടെ മത്സരമാകാം വ്യാജ വാർത്തയ്‌ക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.
Comments