ഭുവനേശ്വർ: 2023-ലെ നോർമൻ ഇ. ബോർലോഗ് അവാർഡിന് ഇന്ത്യൻ ശാസ്ത്രജ്ഞ ഡോ സ്വാതി നായക് അർഹയായിയി. അന്താരാഷ്ട്ര റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേഷ്യയിലെ സീഡ് സിസ്റ്റം ആൻഡ് പ്രൊഡക്ട് മാനേജ്മെന്റ് മേധാവിയാണ് ഡോ. സ്വാതി നായക്. നെൽവിത്തുകളുടെ ആവശ്യം ഏറുന്ന കാലത്ത് കർഷകരെ നൂതന സാങ്കേതിക വിദ്യ പരിചയപ്പെടുത്തിയതിനാണ് സ്വാതി നായകിന് അവാർഡ് നൽകുന്നത്. നോബൽ സമ്മാന ജേതാവും ഹരിത വിപ്ലവത്തിന്റെ മുഖ്യ ശിൽപിയുമായ ഡോ. നോർമൻ ഇ ബോർലോഗിന്റെ ബഹുമാനാർത്ഥം വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് അവാർഡ്.
അവാർഡ് നേടുന്ന മൂന്നാമത്തെ ഇന്ത്യനും ആദ്യത്തെ ഒഡിഷക്കാരിയുമാണ് സ്വാതി നായക്. വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളുള്ള ഏഷ്യയിലെയും ആഫ്രിക്കയിലെയും ആയിരക്കണക്കിന് ചെറുകിട കർഷകരുമായി 500-ലധികം നെല്ലിനങ്ങൾക്കായി 10,000-ലധികം വിപുലമായ പരീക്ഷണങ്ങൾ സ്വാതി നായക് സംഘടിപ്പിച്ചിട്ടുണ്ട്. വരൾച്ചയെ അതിജീവിക്കുന്ന ‘ഷഹാഭാഗി ധന്’ നെല്ല് ഇനം നായക്കും സംഘവും ആവിഷ്കരിച്ചു. ‘ബിഹാന ദീദി’ എന്നാണ് ജനങ്ങൾ സ്വാതിയെ വിളിക്കുന്നത്്.
‘വനിതാ കാർഷിക ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പ്രവർത്തിക്കാൻ അവസരങ്ങൾ നൽകുന്ന ഭാരതത്തിൽ ജീവിക്കാൻ തനിക്ക് ഭാഗ്യമുണ്ടെന്നായിരുന്നു സ്വാതി നായക് അവർഡ് വിവരം അറിഞ്ഞപ്പോൾ പ്രതികരിച്ചത്. ഇതിന് പിന്നാലെ രഷ്ട്രപതി ദ്രൗപതി മുർമുവും സ്വാതി നായകിനെ അഭിനന്ദിച്ചു.
2023ലെ ഡോ. നോർമൻ ഇ. ബോർലോഗ് അവാർഡിന് അർഹയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സ്വാതി നായക്കിന് അഭിനന്ദനങ്ങൾ നേരുന്നതായി മുർമു പറഞ്ഞു. കർഷകരെ പിന്തുണയ്ക്കാനും ബോധവത്ക്കരിക്കാനും, കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അവരോടൊപ്പം പ്രവർത്തിക്കാനും വനിതാ ശാസ്ത്രജ്ഞരെ ഈ നേട്ടം പ്രചോദിപ്പിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.