ധാക്ക : മദ്രസയിൽ 11 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ . ചത്തോഗ്രാം നഗരത്തിലെ മെഹ്ദിബാഗ് മദ്രസയിലാണ് 11 വയസ്സുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് . കേസിലെ മുഖ്യപ്രതി റിദ്വാനുൽ ഹഖിനെ (32) റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ ആണ് അറസ്റ്റ് ചെയ്തത് .
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കോക്സ് ബസാറിലെ ചകരിയ പോലീസ് ബമുബിൽചാരി പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് ഒളിവിലായിരുന്ന റിദ്വാനുലിനെ പിടികൂടിയതെന്ന് RAB-7 സീനിയർ അസിസ്റ്റന്റ് ഡയറക്ടർ (മീഡിയ) മുഹമ്മദ് നൂറുൽ അബ്സർ പറഞ്ഞു. സംഭവം നടന്ന മദ്രസയിലെ അദ്ധ്യാപകനായിരുന്നു റിദ്വാനുൽ. മദ്രസ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന് റിദ്വാനുൽ അടക്കം മൂന്ന് പേർക്കെതിരെ ചൗക്കബസാർ പോലീസ് കേസ് ഫയൽ ചെയ്തിരുന്നു . രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും റിദ്വാനുൽ ഒളിവിലായിരുന്നു.
ബലാത്സംഗ-കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കാനും മദ്രസ അധികൃതർ ശ്രമിച്ചു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതായി തെളിയുകയായിരുന്നു – നൂറുൽ അബ്സർ കൂട്ടിച്ചേർത്തു.