എറണാകുളം: അട്ടപ്പാടി മധു വധക്കേസിൽ ഹൈക്കോടതിയിൽ സങ്കട ഹർജി നൽകാനൊരുങ്ങി മധുവിന്റെ അമ്മ. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ.പി സതീഷ്‌കുമാറിനെ നിയമിച്ചതിനെതിരെയാണ് ഹർജി നൽകുന്നത്. ഈ ഉത്തരവിലൂടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മധുവിന്റെ അമ്മയും കുടുംബവും ആരോപിച്ചു.
കേസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനെയാണ് സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. മധുവിന്റെ അമ്മയുടെ ആവശ്യപ്രകാരമാണ് പുതിയൊരാളെ നിയമിക്കാമെന്ന് സർക്കാർ കോടതിയെ അറിയിക്കുന്നത്. ഇത് പ്രകാരം തയ്യാറാക്കിയ പട്ടികയിൽ നിന്നാണ് അഡ്വ. കെ.പി സതീഷ്‌കുമാറിനെ പബ്ലിക് പ്രോസിക്യൂട്ടറായും നേരത്തെ മധുവിന്റെ അമ്മ അവശ്യപ്പെട്ട അഡ്വ. പി.വി ജീവീഷിനെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിച്ചത്.
എന്നാൽ തങ്ങളെ അറിയിക്കാതെയാണ് കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നീക്കം നടന്നതെന്ന് മധുവിന്റെ കുടുംബവും നീതി സമരസമിതിയും ആരോപിച്ചു. ഈ ഉത്തരവ് ചോദ്യം ചെയ്താതാണ് മധുവിന്റെ അമ്മ ഇപ്പോൾ ഒരു സങ്കട ഹർജി സമർപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ അപ്പീലിൽ വാദമാരംഭിക്കാനിരിക്കെയാണ് സർക്കാർ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ പുതുതായി നിയമിച്ച് കൊണ്ട് ഇന്ന് ഉത്തരവിറക്കിയത്.