തിരുവനന്തപുരം: കാലിൽ പുഴുവരിച്ച വയോധികന്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നിഷേധിച്ചതായി റിപ്പോർട്ട്. കാലിലെ വ്രണം പഴുത്ത് പുഴുവരിച്ച നിലയിൽ ആശുപത്രിയിലെ പഴയ കാഷ്വാലിറ്റിക്ക് സമീപമായിരുന്നു വയോധികൻ കിടന്നിരുന്നത്. സംഭവം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും മണിക്കൂറുകളോളം അവഗണന തുടർന്നു. ഒടുവിൽ മാദ്ധ്യമങ്ങൾ ഇടപെട്ടതോടെയാണ് വയോധികന് ചികിത്സ ലഭ്യമാക്കിയത്.
കഴിഞ്ഞ ഒന്നരമാസത്തോളമായി മെഡിക്കൽ കോളേജിലെ പഴയ കാഷ്വാലിറ്റിക്ക് സമീപത്ത് തറയിലാണ് വയോധികൻ കിടന്നിരുന്നത്. ആശുപത്രിയുടെ പരിസരത്ത് അവശനിലയിൽ കിടക്കുന്ന വയോധികനോട് കാര്യം തിരക്കിയപ്പോഴാണ് ആശുപത്രി അധികൃതരുടെ കൊടും ക്രൂരത പുറത്തുവന്നത്. കാലിലെ വ്രണം അഴുകി പുഴുവരിച്ച് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വയോധികൻ.
സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വയോധികൻ മണിക്കൂറുകളോളം അവഗണന നേരിട്ടു. രോഗിയെ സന്ദർശിക്കാനോ, ചികിത്സ നൽകാനോ ആരും തയ്യാറായിരുന്നില്ല. ഡെപ്യൂട്ടി മേയറുടെ നിർദ്ദേശവും മെഡിക്കൽ കോളേജ് അധികൃതർ അവഗണിച്ചു. പിന്നീട് രണ്ട് സെക്യൂരിറ്റി ജീവനക്കാർ എത്തി വയോധികനോട് സ്വയം എഴുന്നേറ്റ് വീൽചെയറിൽ ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. നിലവിൽ വയോധികൻ ചികിത്സയിലാണ്.