ന്യൂഡൽഹി: ട്രെയിൻ അപകടങ്ങളിൽ പെടുന്നവർക്കുള്ള ദുരിതാശ്വാസ തുക പത്തിരട്ടിയായി വർദ്ധിപ്പിച്ച് റെയിൽവേ. ട്രെയിൻ അപകടങ്ങളിൽ മരണം സംഭവിക്കുമ്പോൾ മുമ്പ് ധനസഹായമായി ലഭിച്ചിരുന്നത് അമ്പതിനായിരം രൂപയായിരുന്നു. എന്നാൽ ഇത് വർദ്ധിപ്പിച്ച് അഞ്ച് ലക്ഷം രൂപയാക്കിയാണ് റെയിൽവേ ഉത്തരവിറക്കിയിരിക്കുന്നത്. കൂടാതെ ട്രെയിൻ അപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്കും നിസാര പരിക്കുകളോടെ രക്ഷപ്പെടുന്നവർക്കും ലഭിക്കുന്ന ധനസഹായത്തിലും റെയിൽവേ വർദ്ധനവ് വരുത്തിയിട്ടുണ്ട്.
1989-ലെ റെയിൽവേ ആക്ട് പ്രകാരമാണ് ട്രെയിൻ അപകടങ്ങളിൽ പെടുന്നവർക്ക് ധനസഹായം നൽകി വന്നിരുന്നത്. പിന്നീട് 2012-2013 കാലഘട്ടത്തിൽ റെയിൽവേ ഇത് പരിഷ്കരിച്ചിരുന്നു. ഇപ്പോഴിതാ ധനസഹയാത്തിൽ വീണ്ടും വർദ്ധനവ് വരുത്തിയിരിക്കുകയാണ്. അപകടത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് 50,000 രൂപയിൽ നിന്നും അഞ്ച് ലക്ഷം രൂപ ഇനി ലഭിക്കും. അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് 25,000-ൽ നിന്നും രണ്ടര ലക്ഷം രൂപ വരെ ലഭിക്കും. നിസാര പരിക്കുകളോടെ രക്ഷപ്പെടുന്നവർക്ക് 5,000 രൂപയിൽ നിന്നും 50,000 രൂപ വരെ ലഭിക്കുമെന്നും പുതുക്കിയ ഉത്തരവിൽ പറയുന്നു.
റെയിൽവേ ഗേറ്റ് ക്രോസ് ചെയ്യുന്ന സന്ദർഭങ്ങളിൽ അപകടം സംഭവിക്കുന്നവർക്കും ഇത്തരത്തിൽ ധനസഹായം ലഭിക്കുന്നതായിരിക്കും. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നവർക്ക് മുപ്പത് ദിവസത്തിന് ശേഷവും ആശുപത്രിയിൽ കഴിയേണ്ട സാഹചര്യമാണെങ്കിൽ പ്രതിദിനം 3,000 രൂപ വരെ നൽകും. നിസാര പരിക്കുകളോടെ മുപ്പത് ദിവസത്തിൽ അധികം ആശുപത്രിയിൽ കഴിയേണ്ടി വന്നാൽ പ്രതിദിനം 1,500 രൂപ നൽകും. ഏകദേശം ആറ് മാസത്തോളം ഈ വ്യവസ്ഥ തുടരുന്നതായിരിക്കും. ലെവൽ ക്രോസുകൾ അതിക്രമിച്ച് കയറി അപകടം സംഭവിക്കുന്നവർക്ക് ഇത് ബാധകമല്ലെന്നും റെയിൽവേ വ്യക്തമാക്കി.