ചെന്നൈ: മാഞ്ചോല എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ നിന്നും അപ്പർ കോതയാർ വനമേഖലയിലേക്ക് മടങ്ങിയ അരിക്കൊമ്പൻ തിരികെയെത്താൻ സാധ്യതയെന്ന് വനം വകുപ്പ്. ഈ സാഹച്യത്തില്‍ നിരീക്ഷണവും ജാഗ്രതയും തുടരുമെന്നും വനംവകുപ്പ് അറിയിച്ചു.
നിലവിൽ ഊത്ത്, നാലുമുക്ക് എസ്റ്റേറ്റുകളിൽ നിന്ന് 25 കിലോ മീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളത്. അതിനാൽ ജനവാസ മേഖലയിൽ ജാഗ്രത തുടരും. എന്നാൽ 65 കിലോ മീറ്റർ അകലെയുള്ള നെയ്യാർ വന്യജീവി സങ്കേതത്തിൽ അരിക്കൊമ്പൻ എത്തില്ലെന്നും കേരള അതിർത്തിക്ക് എതിർ ദിശയിലാണ് സഞ്ചാരമെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.
അരിക്കൊമ്പൻ അപ്പർ കോതയാർ വനമേഖലയിൽ തന്നെയെന്ന് തമിഴ്നാട് വനം വകുപ്പ് പറഞ്ഞു. ആന കേരളത്തിലേക്ക് സഞ്ചരിക്കുമെന്ന പ്രചരണങ്ങളും വനം വകുപ്പ് തള്ളിയിരുന്നു. പൂർണ്ണ ആരോഗ്യവാനായ അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കേരളത്തിന് എതിർ ദിശയിലേക്കാണ് കൊമ്പന്റെ സഞ്ചാരം. മാഞ്ചോല എസ്റ്റേറ്റിലെ ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പൻ ഇന്നലെ ഉച്ചയോടെയാണ് അപ്പർ കോതർ വനമേഖലയിലേക്ക് തിരികെ മടങ്ങിയത്. മാഞ്ചോലയിൽ മൂന്നുദിവസത്തോളം അരിക്കൊമ്പൻ ആശങ്ക സൃഷ്ടിച്ചിരുന്നു.