കാസർകോട്: രണ്ടാം വന്ദേഭാരത് കേരളത്തിലെ ജനങ്ങൾക്ക് അനുഗ്രഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നരേന്ദ്ര മോദിയുടെ കേരളത്തോടുള്ള പരിഗണനയാണ് തെളിയിക്കുന്നതെന്നും കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. കാസർഗോഡ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചതാണ്. കള്ളക്കേസാണെന്ന് മുൻപേ ഞങ്ങൾ വ്യക്തമാക്കിയിരുന്നെന്നും നിയമനടപടിയുമായി സഹകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. കാസർകോട് , ആലപ്പുഴ എം.പിമാരുടെ അവകാശവാദം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്മോഹൻ ഉണ്ണിത്താൻ എട്ടുകാലി മമൂഞ്ഞിന്റെ മൂത്തപ്പയെപ്പോലെയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. വല്ലാത്ത തള്ളാണ് ഉണ്ണിത്താൻ നടത്തുന്നതെന്നും ഇത്തരം നാടകങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.