തൃശൂർ: ചിറക്കേക്കോട് മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച പിതാവും മരിച്ചു. മകന്റെ കുടുംബത്തെ മുഴുവനും പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിന് ശേഷം പിതാവ് ജോൺസൺ വിഷം കഴിച്ചിരുന്നു. തുടർന്ന് തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണമെന്ന് പോലീസ് പറയുന്നു. മകന്റെ ഭാര്യ ലിജി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ജോൺസണും ഭാര്യയും മകനും കുടുംബവുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അർദ്ധരാത്രിയിൽ ഭാര്യയെ മുറിയിൽ പൂട്ടിയിട്ടതിന് ശേഷം മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നാലെ ഇയാൾ പുറത്തേക്ക് പോയി. വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ പ്രദേശവാസികളാണ് മൂവരെയും ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ ജോൺസണായുള്ള അന്വേഷണത്തിനൊടുവിലാണ് വിഷം കഴിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്.