തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അഴിമുഖത്ത് വെച്ചാണ് രണ്ടു വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു വള്ളം തകരുകയും ചെയ്തു. വലിയ വള്ളം ചെറിയ വള്ളത്തിൽ ഇടിക്കുകയായിരുന്നു. കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ചെറിയ വള്ളത്തിൽ ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇയാളെ രക്ഷപ്പെടുത്തിയതായാണ് വിവരം.
മുതലപ്പൊഴിയിൽ പാറ നീക്കം ചെയ്യുന്ന പ്രവർത്തികൾ ഒരു മാസമായി നിർത്തി വെച്ചിരിക്കുകയാണ് തുറമുഖ വകുപ്പ്. പാറ നീക്കം ചെയ്യാൻ എത്തിച്ച ലോങ് ഭൂം ക്രെയിന്‍ അഴിമുഖത്തേക്ക് എത്തിക്കാൻ പോലും ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പാറ നീക്കം ചെയ്യുന്നതിനായി അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച ക്രെയിനുകൾ മഴയത്ത് കിടന്ന് നശിക്കുന്ന ദൃശ്യങ്ങൾ ജനം ടിവിയ്ക്ക് ലഭിച്ചിട്ടുണ്ട്.
രണ്ടു മാസങ്ങൾക്കുള്ളിൽ തുറമുഖത്ത് പാറ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഡ്രെഡ്ജിംങ് പൂർണമായും നടത്തി അഴിമുഖത്തിന്റെ ആഴം കൂട്ടും എന്നുമാണ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ജൂലൈ 31 ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അഴിമുഖത്തെ പാറ നീക്കം ചെയ്യാനായിട്ടുള്ള എല്ലാ യന്ത്രങ്ങളും എത്തിയിട്ടുണ്ടെങ്കിലും ഇവയൊന്നും തീരത്തേക്ക് അടുപ്പിക്കാൻ തുറമുഖ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആവശ്യമായ വീതി പുലിമുട്ടിൽ ഇല്ലാത്തതാണ് തടസ്സത്തിന് കാരണം. ഒരു എക്സ്വേറ്റർ ഉപയോഗിച്ച് പാതയൊരുക്കൽ പ്രവർത്തികളാണ് ഇപ്പോഴും നടക്കുന്നത്. അടുത്തയാഴ്ച മാത്രമേ പുലിമുട്ടിലേക്ക് ക്രെയിൻ എത്തിക്കാനാവൂ എന്നാണ് അധികൃതരുടെ വിലയിരുത്തൽ.