തൃശൂർ: കൊടുങ്ങല്ലൂരിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാനില്ലെന്ന് പരാതി. കൊടുങ്ങല്ലൂർ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിൽ നിന്നാണ് സ്വർണം കാണാതായിരിക്കുന്നത്. ശാഖയിൽ നിന്നും അറുപത് പവനോളം സ്വർണം കാണാതായതായാണ് പരാതി. സംഭവത്തിൽ എടമുട്ടം സ്വദേശി സുനിതയാണ് കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
സുനിതയുടെയും അമ്മ സാവിത്രിയുടെയും പേരിലാണ് ഇവിടെ സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉള്ളത്. ബെംഗളൂരുവിൽ താമസിക്കുന്ന സുനിത നാട്ടിലെത്തി ബാങ്ക് ലോക്കർ തുറന്നപ്പോഴാണ് സ്വർണത്തിൽ കുറവ് തോന്നുന്നത്. പിന്നാലെ യുവതി കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സുനിത ഇവിടെ ആഭരണങ്ങൾ സൂക്ഷിക്കാൻ വെക്കുന്നത്. പലപ്പോഴായി മിക്ക ആഭരണങ്ങളും ലോക്കറിൽ വെച്ചതായും യുവതി ആരോപിക്കുന്നു. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ താക്കോൽ ഉപയോക്താവിന്റെ കയ്യിലും മാസ്റ്റർ കീ ബാങ്കിലുമാണ് ഉണ്ടാകുക. ഇവ രണ്ടും ഉപയോഗിച്ച് മാത്രമാണ് ലോക്കർ തുറക്കാനാകുക. സംഭവത്തിന് പിന്നാലെ ബാങ്ക് അധികൃതരും പരാതി നൽകിയിട്ടുണ്ട്.