പത്തനംതിട്ട: കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഇന്ന് രാത്രി പത്ത് മണിയ്ക്കാണ് ക്ഷേത്ര നട അടയ്ക്കുക. ഉച്ചയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ സഹസ്ര കലശാഭിഷേകം നടക്കും. ഇന്നലെ സഹസ്ര കലശപൂജയും ലക്ഷാർച്ചനയും നടന്നിരുന്നു.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ബ്രഹ്മകലശവും പരികർമികൾ ഖണ്ഡ ബ്രഹ്മകലശങ്ങളും പൂജിച്ചു നിറച്ചു. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയും നടന്നു. ഇന്നലെയും ദർശനത്തിന് ആയിരങ്ങളാണ് സന്നിധാനത്ത് എത്തിയത്. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു ദർശനം നടത്തി.