ന്യൂഡൽഹി: ജനതാദൾ സെക്കുലർ എൻഡിഎയ്ക്കൊപ്പം ചേർന്നു. കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. ബിജെപിയുമായി തങ്ങൾ കൈകോർക്കുന്നതായും ഔദ്യോഗികമായി ചർച്ച നടന്നുവെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും കുമാരസ്വാമി മാദ്ധ്യമങ്ങളോട് പറഞ്ഞു.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ബിജെപി വൻ നേട്ടമാണ് ഉണ്ടാക്കിയത്. 28-ൽ 25 സീറ്റുകളും നേടിയാണ് ബിജെപി ഇരുകക്ഷികളെയും അപ്രസ്ക്തമാക്കിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ജെഡിഎസിന് തിരച്ചടി നേരിട്ടു. 19 സീറ്റുകൾ മാത്രമാണ് ജെഡിഎസ് നേടിയത്. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്. ബെംഗളൂരുവിൽ നടന്ന ഇൻഡി മുന്നണിയുടെ യോഗത്തിലേക്ക് ജെഡിഎസിനെ ക്ഷണിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.