ന്യൂഡൽഹി: ജോലിക്ക് ഭൂമി തട്ടിപ്പ് കേസിൽ ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും സമൻസ് അയച്ച് ഡൽഹി കോടതി. ലാലുവിന്റെ ഭാര്യ റാബ്രി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്കും കോടതി സമൻസ് അയച്ചിട്ടുണ്ട്. അഴിമതി, ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് അന്വഷണകമ്മിഷൻ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഒക്ടോബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സ്പെഷ്യൽ ജഡ്ജ് സമൻസ് അയക്കുകയായിരുന്നു.
മുൻ റെയിൽവേ മന്ത്രിയായിരുന്ന ലാലുവിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ആവശ്യമായ അനുമതി അധികാരികളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ജൂലൈ മൂന്നിന് കുറ്റപത്രവും സമർപ്പിച്ചിരുന്നു. കേസിൽ സിബിഐ സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രമായിരുന്നു ഇത്. നിലവിൽ ഈ കേസിലും കാലിത്തീറ്റ കുംഭകോണക്കേസുകളിലും ലാലു ജാമ്യത്തിലാണ്. 2004 മുതൽ 2009 വരെ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരിക്കെ മദ്ധ്യപ്രദേശിലെ ജബൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെയിൽവേയുടെ വെസ്റ്റ് സെൻട്രൽ സോണിൽ നടത്തിയ ഗ്രൂപ്പ്-ഡി നിയമനൾക്കായി ഭൂമി കൈമാറ്റം നടത്തിയെന്നാണ് കേസ്.
ജൂൺ 23 ന് പട്നയിൽ ചേർന്ന യോഗത്തിൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ലാലു പ്രസാദിന്റെ ആർജെഡി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലാലുവിനും കുടുംബത്തിനും എതിരെയുള്ള കേസ് പ്രതിപക്ഷ സഖ്യത്തിന് തലവേദനയാകും.