കോഴിക്കോട്: വന്ദേ ഭാരതിന് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യത എടുത്തുപറഞ്ഞ് സിപിഎമ്മിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. വന്ദേ ഭാരതിനെ പിന്തുണച്ച തന്നെ പരിഹസിച്ച പ്രേംകുമാറിന് മറുപടിയായി എഴുതിയ കുറിപ്പിലാണ് അദ്ദേഹം സിപിഎമ്മിനെ കണക്കിന് പരിഹസിച്ചിരുന്നത്. ട്രെയിൻ വരുന്നതിൽ സന്തോഷം പ്രകടിപ്പിച്ച തന്നെ നടൻ പ്രേം കുമാർ പരിഹസിച്ചെന്നും വന്ദേ ഭാരതിന് പേരടി വണ്ടി എന്ന് അദ്ദേഹം പേരിട്ടതും ഹരീഷ് ചൂണ്ടിക്കാട്ടി. രണ്ടാം വന്ദേഭാരത് കേരളത്തിന് സമ്മാനിക്കുന്ന ഈ അവസരത്തിൽ അഭിമാനത്തോടെ ആ പേര് താൻ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ഞാൻ വന്ദേഭാരതിനെ കേരളത്തിന്റെ വികസനമായി കണ്ടപ്പോൾ.. ഈ വികസനം 130 കിലോമീറ്റർ സ്പീഡിൽ എത്തിയാൽ അത് നടപ്പാക്കിയവർക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ.. ഫേസ്ബുക്കിലെ എന്റെ പ്രിയ സുഹൃത്ത്.. അടുത്തകാലത്ത് ഇടുതുപക്ഷ സഹയാത്രികനായി മാറിയ പ്രേമംകുമാറാണ് എന്നെ കളിയാക്കാൻ വേണ്ടി ഈ വണ്ടിക്ക് പേരടിയുടെ വണ്ടി എന്ന് പേരിട്ടത്… കേന്ദ്രസർക്കാർ രണ്ടാം വന്ദേഭാരത് കേരളത്തിന് സമ്മാനിക്കുന്ന ഈ അവസരത്തിൽ അഭിമാനത്തോടെ ഞാൻ ആ പേർ ഏറ്റെടുക്കുകയാണ്..പ്രേമകുമാരാ പേരടിയുടെ വണ്ടികളുടെ എണ്ണം കൂടുകയാണ്…എം.വി.ജയരാജേട്ടൻ അന്നേ വന്ദേഭാരതിനെ മാലയിട്ടു സ്വീകരിച്ചു..പിണറായി സഖാവ് വന്ദേഭാരതിൽ യാത്രചെയ്തു…ഇൻഡിഗോ ഉപേക്ഷിച്ച ഇ.പി.ജയരാജേട്ടൻ വന്ദേഭാരതിനെ പുകഴത്തി… എന്നാലും അന്തം കമ്മികളുടെ അറിവിലേക്കായി പറയുന്നു…കേരളത്തിന് ഒരു കടവുമില്ലാതെ ഇത് 130 തും കടന്ന് 160 ലേക്ക് എത്തും…ഇനി നമുക്ക് സെമി സിൽവർലൈൻ ആവശ്യമില്ല..ഇനി അന്യ സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്ന ഹൈസ്പീഡ് ലൈൻ മാത്രമേ ഇതിനേക്കാൾ വലിയ വികസനമുള്ളു…ഇനി ആകെ ചെയ്യാവുന്ന ഒരു കാര്യം വിഐപികളുടെ എസി കംപാർട്ട്മെൻറ്റിന് പേരടി കംപാർട്ട്മെൻറ്റ് എന്ന പേര് വേണമെങ്കിൽ കൊടുക്കാമെന്ന് മാത്രം…ഞാനും തണുത്ത് മരവിച്ച് അപ്രതികരണ പുളകിതനാവും…