കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ പുതിയ വിവാദങ്ങൾക്ക് പിന്നാലെ തൃശ്ശൂർ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കും. കരുവന്നൂർ വിഷയം വിവാദമായതിനാലും തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലും സിപിഎം യോഗം ഇന്ന് നിർണായകമാകും.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങളെ നേരിടുന്നതിനുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. എന്നാൽ കരുവന്നൂർ വീണ്ടും ചർച്ചയാകുമ്പോൾ ഒരു വിഭാഗം നിശബ്ദത തുടരുന്നത് വിഭാഗീയതയുടെ ഭാഗം എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. തൃശ്ശൂരിലെ വിഭാഗീയത അവസാനിപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് സംസ്ഥാന നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. താഴെത്തട്ടിലെ പ്രവർത്തകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള നടപടികൾ യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം.
അതേസമയം ഇന്ന് യോഗം ചേരാനിക്കെ കരുവന്നൂർ തട്ടിപ്പ് കേസിൽ നിരവധി വിവരങ്ങൾ പുറത്ത്. കരുവന്നൂർ തട്ടിപ്പിലെ മുഖ്യപ്രതി പി സതീഷ് കുമാറും സിപിഎം നേതാക്കളും തമ്മിലുള്ള വ്യവസായബന്ധം തെളിയിക്കുന്ന നിർണായക ശബ്ദരേഖയാണ് ജനം ടിവിയ്ക്ക് ലഭിച്ചിരിക്കുന്നത്.
പി സതീഷ് കുമാറും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ അരവിന്ദാക്ഷനും കൗൺസിലർ മധു അമ്പലപുരവും ചേർന്ന് തൃശ്ശൂർ അത്താണിയിൽ ഹോട്ടൽ ബിസിനസ് നടത്തിയതായും, ഇവരെ കൂടാതെ മൂന്നുപേർ കൂടി ഹോട്ടലിൽ പാർട്ണമാരായിരുന്നെന്നും വ്യക്തമാകുന്നതാണ് ശബ്ദരേഖ. ഇത് സ്ഥിരീകരിക്കുന്ന ശബ്ദരേഖയാണ് ജനം ടിവിക്ക് ലഭിച്ചിരിക്കുന്നത്. ഹോട്ടൽ ഉടമസ്ഥരുടെ പേരുവിവരങ്ങൾ ജീവനക്കാരൻ സ്ഥിരീകരിച്ചിട്ടുണ്ട്. സീ പേൾ എന്ന പേരിൽ നടത്തിയ ഹോട്ടൽ പിന്നീട് ജീവനക്കാരനെ തന്നെ നടത്താൻ ഏൽപ്പിക്കുകയായിരുന്നു. നിലവിൽ ഹോട്ടലിരുന്ന സ്ഥലത്തെ കെട്ടിടം പോലും പൊളിച്ചു നീക്കിയ നിലയിലാണ്.