ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലേക്ക് ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണയ്ച്ച് ഓസ്ട്രേലിയ. ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ ഉൾപ്പെടുത്തി സുസ്ഥിരമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. ഇന്ത്യയ്ക്കും ജപ്പാനും സ്ഥിരാഗംത്വം ഉൾപ്പെടെ ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണം. വീറ്റോ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെ കൂടുതൽ സ്ഥിരാംഗങ്ങളെ ഉൾപ്പെടുത്തണമെന്നും വോങ് കൂട്ടിച്ചേർത്തു.
വൻ ശക്തിയായ ചൈനയുടെ എതിർപ്പുകൾക്ക് പിന്നാലെ ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്കൊപ്പം അണിനിരിക്കുകയാണ്. ഇന്ത്യ, ജപ്പാൻ, യുഎസ് ഓസ്ട്രേലിയ എന്നീ നാല് അംഗ സുരക്ഷാ സഖ്യമായ ക്വാഡിന്റെ സ്വധീനമാണ് ഇതിന് പിന്നിൽ. ഇന്തോ-പസഫിക് മേഖലയിലെ വിപുലീകരണം ചൈനയ്ക്ക് വൻ ഭീഷണിയായാണ്. ഗ്ലോബൽ സൗത്ത് എന്ന ഇന്ത്യൻ നിർദ്ദേശത്തിന് ആഗോള തലത്തിൽ ലഭിക്കുന്ന പ്രധാന്യമാണ് ഇതിലൂടെ പുറത്തുവരുന്നത്. നിലവിൽ യുഎസ്, യുകെ, ചൈന, ഫ്രാൻസ്, റഷ്യ എന്നിവയാണ് വീറ്റോ അധികാരമുള്ള യുഎൻഎസ്സിയിലെ അഞ്ച് സ്ഥിരാംഗങ്ങൾ.
നിരവധി രാഷ്ട്രങ്ങളാണ് ഇന്ത്യൻ നിലപാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസ എന്നിവർക്ക് പിന്നാലെ ഓസ്ട്രേലിയ കൂടി എത്തിയതോടെ ചൈനയുടെ എതിർപ്പിനെ ഇന്ത്യയ്ക്ക് മറിക്കടക്കാനായേക്കും.