ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദത്തെ പിന്തുണച്ച് പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്യാൻ ഉത്തരവിട്ട് കാനഡ. കനേഡിയൻ ഗുരുദ്വാരകൾക്ക് മുന്നിലെ ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്യാനാണ് ഉത്തരവ്. ഹിന്ദുക്കളെയും ഇന്ത്യൻ പ്രവാസികളെയും പ്രകോപിപ്പിക്കരുതെന്നും ഇവ ഉടൻ നീക്കം ചെയ്യണമെന്ന് പ്രദേശിക ഭരണസമിതികളാണ് ഉത്തരവിറക്കിയത്. ഉച്ചബാഷണികൾ വഴി പ്രകോപനകരമായ പ്രസംഗങ്ങൾ നടത്തരുതെന്നും ഉത്തരവിൽ പറയുന്നു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഖാലിസ്ഥാൻ അനുകൂല നിലപാടിൽ ഇന്ത്യ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കാനഡയുടെ നീക്കമെന്നതാണ് ശ്രദ്ധേയം. ഇതേ തുടർന്ന് ഖലിസ്ഥാൻ ഭീകരവാദി പന്നുവിന്റെ ഇന്ത്യയിലെ സ്വത്തുകൾ കണ്ടുകെട്ടുകയും ഖലിസ്ഥാൻ ഭീകരുടെ പേരുവിവരങ്ങൾ ഇന്ത്യ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിന്റെ പ്രതിഫലനമാണ് ഇത്.
ലോകരാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പം നിലപാട് സ്വീകരിച്ചതോടെ കാനഡ പ്രതിരോധത്തിലാകുകയായിരുന്നു. നയതന്ത്ര തലത്തിൽ ഇന്ത്യ എടുത്ത ചടുലവും ശക്തവുമായ നിലപാടിനെ കനേഡിയൻ പത്രമാദ്ധ്യമങ്ങളും പ്രതിപക്ഷവും സ്വാഗതം ചെയ്തു എന്നതും ഇതിനൊപ്പം ചേർത്തുവായിക്കേണ്ടി വരും.