കോഴിക്കോട്: കഴിഞ്ഞ ദിവസം കൊടുവള്ളി പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ വമ്പൻ ട്വിസ്റ്റ്. മോഷണംപോയ മാല മുക്കുപണ്ടമാണെന്ന് കണ്ടെത്തി. ജീവനക്കാരിയുടെ അമ്മ ബാഗിൽ നിന്ന് സ്വർണമാല മാറ്റി മുക്കുപണ്ടം വെച്ചിരുന്നു. എന്നാൽ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് യുവതി പറഞ്ഞു. പകരം വച്ച മാലയാണ് കള്ളൻ മോഷ്ടിച്ചത്.
അതേസമയം പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിലായി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. ഹാഫ് പാന്റും ടീ ഷർട്ടും ധരിച്ച ഒരാൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മുറിയ്ക്കകത്തേക്ക് കയറിവരുന്നതും മോഷണം നടത്തിയശേഷം പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്.
ജീവനക്കാരുടെ മുറിയിൽ സൂക്ഷിച്ചിരുന്ന യുവതിയുടെ ബാഗിൽ നിന്ന് മാലയും മൂവായിരം രൂപയുമായിരുന്നു മോഷണം പോയത്. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിൽപോകാനായി ബാഗ് എടുത്തപ്പോഴാണ് മോഷണം നടന്ന വിവരം ജീവനക്കാരി അറിയുന്നത്. ഇതോടെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.