കോഴിക്കോട്: നിപ രോഗബാധയെ തുടർന്ന് ജില്ലയിൽ അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നത്.
കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പോകുന്നതിനായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനാൽ തന്നെ ഓൺലൈൻ മുഖേന പഠന സൗകര്യം സജ്ജമാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ എ ഗീത നിർദ്ദേശം നൽകി. മാസ്കും സാനിറ്റൈസറും ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് കൊണ്ടായിരിക്കും വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുക.