എറണാകുളം: കൊച്ചിയിൽ പോലീസിന്റെ വയർലെസ് സെറ്റ് എറിഞ്ഞ് പൊട്ടിച്ച സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്. നോർത്ത് സ്റ്റേഷനിലെ സിഐയുടെ വയർലെസ് സെറ്റ് ആണ് ഇയാൾ എറിഞ്ഞ് പൊട്ടിച്ചത്. ഇന്നലെ രാത്രി എസ്ആർഎം റോഡിലായിരുന്നു സംഭവം.
സിഐയും സംഘവും പട്രോളിംഗിന് ഇറങ്ങിയപ്പോൾ പൊതുസ്ഥലത്ത് വെച്ച് അഭിഭാഷകൻ പുക വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത്തരത്തിൽ ചെയ്യരുതെന്ന പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. എന്നാൽ പോലീസ് കയ്യേറ്റം ചെയ്തുവെന്നാണ് അഭിഭാഷകന്റെ പരാതി.
പോലീസിനോട് എതിർത്ത് സംസാരിച്ച ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ വയർലെസ് സെറ്റ് പിടിച്ചുവാങ്ങി എറിഞ്ഞു പൊട്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പൊതുമുതൽ നശിപ്പിച്ചതിനും പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് കേസ് എടുത്തിരിക്കുന്നത്.