കാസർകോഡ്: ഇന്ന് ഉദ്ഘാടനം നിർവഹിച്ച പുതിയ വന്ദേഭാരത് എക്‌സ്പ്രസും കേരളത്തിലെ ആദ്യ വന്ദേഭാരതും പരസ്പരം കണ്ടുമുട്ടിയ വീഡിയോ പങ്കുവെച്ച് ദക്ഷിണറെയിൽവേ. ഫ്‌ളാഗ് ഓഫിന് പിന്നാലെ കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച പുതിയ വന്ദേഭാരത് എക്‌സ്പ്രസിൽ നിന്നും എടുത്ത വീഡിയോ ആണ് റെയിൽവേ പങ്കുവെച്ചത്.
കേരളത്തിലെ രണ്ട് വന്ദേഭാരതുകൾ പരസ്പരം കണ്ടുമുട്ടിയപ്പോൾ എന്നാണ് ദൃശ്യങ്ങൾക്കൊപ്പം റെയിൽവേ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. കാസർകോഡിനും കാഞ്ഞങ്ങാടിനും ഇടയിൽ വെച്ചാണ് തിരുവനന്തപുരം കാസർകോഡ് വന്ദേഭാരത് എക്‌സ്പ്രസും പുതിയ കാസർകോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസും തമ്മിൽ കണ്ടുമുട്ടിയത്. രണ്ട് ട്രെയിനുകളും ഇരു ദിശകളിലേക്ക് കടന്നു പോകുകയായിരുന്നു.
ആലപ്പുഴയിലൂടെ കടന്നുപോകുന്ന കാസർകോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ഉൾപ്പെടെ ഒമ്പത് ട്രെയിനുകളാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിച്ചത്. ഇന്ന് വന്ദേഭാരതിന്റെ സ്‌പെഷ്യൽ സർവീസാണ് നടന്നത്. ഓറഞ്ച്-ഗ്രേ നിറത്തിലാണ് പുതിയ വന്ദേഭാരത് കേരളത്തിൽ എത്തിയിരിക്കുന്നത്. ഏഴ് ചെയർ കാറും ഒരു എക്‌സിക്യൂട്ടീവ് കാറുമാണ് ഇതിൽ ഉള്ളത്.