ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ പാക് വാദങ്ങൾക്ക് കടുത്ത മറുപടിയുമായി ഇന്ത്യ. പാകിസ്താൻ ഒരു സ്ഥിരം കുറ്റവാളിയാണ്. ഇന്ത്യക്കെതിരെ തുടർച്ചയായി അടിസ്ഥാന രഹിതവും ദുരുദ്ദേശ്യപരവുമായ പ്രചരണങ്ങളാണ് പാകിസ്താൻ നടത്തുന്നത്. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഈ പ്രദേശങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ തികച്ചും ആഭ്യന്തരമാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാകിസ്താന് അവകാശമില്ല. ഇത് വീണ്ടും വീണ്ടും ആവർത്തിച്ചും തറപ്പിച്ചും പറയുന്നു. ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗെഹ്ലോട്ട് പറഞ്ഞു.
സ്വന്തം രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെ മറച്ചുവെയ്‌ക്കാനും അന്താരാഷ്‌ട്ര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനുമാണ് പാകിസ്താൻ ഇത് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും മോശം മനുഷ്യാവകാശ റെക്കോർഡുകളാണ് പാകിസ്താനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് നേരെ വിരൽ ചൂണ്ടുന്നതിന് മുമ്പ് പാകിസ്താൻ സ്വന്തം നാടിന്റെ സ്ഥിതി ശ്രദ്ധിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
2023 ഓഗസ്റ്റിൽ പാക്കിസ്താനിലെ ഫൈസലാബാദ് ജില്ലയിലെ ജറൻവാലയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ നടന്ന അക്രമത്തെ ഇന്ത്യ ഉയർത്തിക്കാട്ടി. ക്രിസ്ത്യൻ സമൂഹത്തിനെതിരെ നടന്ന വലിയ തോതിലുള്ള ക്രൂരതയാണ് അന്ന് നടന്നത്. ആക്രമത്തിൽ 19 പള്ളികളാണ് അന്ന് നശിപ്പിച്ചതെന്നും 89-ലധികം ക്രിസ്ത്യൻ വീടുകൾ അഗ്നിക്കിരയാക്കിയെന്നും പെറ്റൽ ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.