ന്യൂഡൽഹി: പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ അഞ്ച് വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ‘ആരോഗ്യ മംഥൻ’പരിപാടി സംഘടിപ്പിക്കാനൊരുങ്ങി ഡൽഹി ദേശീയ ആരോഗ്യ അതോറിറ്റി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കുക.
സെപ്റ്റംബർ 25-26 തീയതികളിൽ നടക്കുന്ന പരിപാടിയിൽ പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ വെല്ലുവിളികൾ, പ്രവർത്തനങ്ങൾ, ലക്ഷ്യങ്ങൾ എന്നിവയെ കുറിച്ച് ചർച്ചകൾ നടത്തും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും. ആരോഗ്യമേഖലയിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നയരൂപകർത്താക്കൾ, ആരോഗ്യ സംരക്ഷണ മേഖലയിലെ വിദഗ്ധർ, വ്യവസായ മേഖലയിലെ പ്രമുഖർ, മാദ്ധ്യമപ്രവർത്തകർ എന്നിവരും പരിപാടിയുടെ മുഖ്യ അതിഥികളായിരിക്കും.
ആരോഗ്യ സംരക്ഷണ വിതരണം ശക്തിപ്പെടുത്തുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ പ്രഥമ ലക്ഷ്യം. കോടിക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 45 കോടിയിലധികം ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുകളാണ് രാജ്യത്ത് തുറന്നത്.