കാസർകോട്: അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്തിന് 400-ലധികം വന്ദേഭാരത് ട്രെയിനുകൾ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘രാജ്യത്തിന്റെ വികസന നയത്തിന്റെ ഭാഗമാണ് പുതിയ വന്ദേഭാരത്. കേരളത്തിന്റെ മൂന്നരകോടി ജനങ്ങളുടെ സന്തോഷത്തിൽ ഞാൻ പങ്കാളിയാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് നൽകുന്ന കരുതലിന്റെ പ്രതീകമാണിത്. കേരളവും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളോടൊപ്പം ഒരു വികസിത ഭാരതത്തിന്റെ ഭാഗമാകുന്നുവെന്നതിന് സൂചന കൂടിയാണ് ഈ വന്ദേഭാരത് എക്സപ്രസ്’.
‘നിലവിൽ കേരളത്തിന് 34 ട്രെയിനുകളാണുള്ളത്. ഇനി 400 ട്രെയിനുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരാൻ പോകുന്നത്. 400 തീവണ്ടികൾ അനുവദിക്കുമ്പോൾ തീർച്ചയായും കേരളത്തിനും പുതിയ വന്ദേഭാരത് ട്രെയിനുകൾ ലഭ്യമാകും. വളരെ ആഹ്ലാദകരമായ സന്ദർഭമാണിത്. സംസ്ഥാനത്തിന്റെയും റെയിൽവേയുടെയും വികസനത്തിന് ഇത് വളരെയധികം ഗുണകരമാകുമെന്നും വി മുരളീധരൻ പറഞ്ഞു.