ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരൻ നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ് . അതിനിടെ, കാനഡ, അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ എന്നിവിടങ്ങളിലെ ഖലിസ്ഥാൻ തീവ്രവാദികളെ തിരിച്ചറിയാനും അവരുടെ ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾ റദ്ദാക്കാനും കേന്ദ്ര സർക്കാർ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ട് .
ഈ നടപടികൾക്ക് ശേഷം ഈ ഭീകരർക്ക് ഇന്ത്യയിലേക്ക് വരാൻ കഴിയില്ല. വിദേശത്ത് താമസിക്കുന്ന ഭീകരരുടെ സ്വത്തുക്കൾ കണ്ടെത്താനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട് . ഖലിസ്ഥാൻ ഭീകരൻ പന്നുവിന്റെ ചണ്ഡീഗഡിലെയും അമൃത്സറിലെയും സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിരുന്നു .
ഖലിസ്ഥാൻ അനുകൂലികളുടെ പുതിയ പട്ടിക എൻഐഎ ഇന്ന് പുറത്തുവിട്ടിരുന്നു . പരംജിത് സിംഗ് പമ്മ, കുൽവന്ത് മുത്താഡ, സുഖ്പാൽ സിംഗ്, സരബ്ജിത് ബേനൂർ, കുൽവന്ത്, ഗുർപ്രീത് സിംഗ്, ഹർജപ്, ഹർപ്രീത് സിംഗ്, രഞ്ജിത് നീത, ഗുർമീത് സിംഗ്, ജസ്മീത് ഹക്കിംസാദ, ഗുർജന്ത് ധില്ലൻ, ലഖ്ബീർ റോഡ്, അമർദീപ് പുരേവാൾ, ജതീന്ദർ പുരേവാൾ, ജതീന്ദർ പുരേവാൾ എന്നിവരാണ് പട്ടികയിലുള്ളത്.
നേരത്തെയും ഭീകരരുടെയും പട്ടിക എൻഐഎ പുറത്തുവിട്ടിരുന്നു.ഇതിനു പിന്നാലെയാണ് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾ റദ്ദാക്കാനുള്ള നീക്കം . ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ പദ്ധതി 2005 ഓഗസ്റ്റിലാണ് ആരംഭിച്ചത് . ഇതിനായി 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു.
ഇത് പ്രകാരം, ഇന്ത്യൻ വംശജരായ, 1950 ജനുവരി 26-നോ അതിനു ശേഷമോ ഇന്ത്യൻ പൗരന്മാരോ , ഇന്ത്യൻ പൗരത്വത്തിന് അർഹതയുള്ളവരോ ആയവർക്ക് , ഇന്ത്യയിലെ വിദേശ പൗരന്മാരായി രജിസ്റ്റർ ചെയ്യാം. കൂടാതെ, ആ വ്യക്തി പാകിസ്താൻ അല്ലെങ്കിൽ ബംഗ്ലാദേശ് അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റ് പ്രത്യേകമായി സൂചിപ്പിച്ച രാജ്യത്തിന്റെ പൗരനായിരിക്കരുത്.
സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾ ആജീവനാന്ത താമസം, ജോലി, ഇന്ത്യയിലെ എല്ലാത്തരം സാമ്പത്തിക ഇടപാടുകൾ എന്നിവയും സുഗമമാക്കുന്നു. OCI ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും വിസയില്ലാതെ ഇന്ത്യയിലേക്ക് വരാം. OCI കാർഡ് ആജീവനാന്ത സാധുതയുള്ളതാണ്.